വിബി-ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു;
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി-ജി റാം ജി (വികസിത് ഭാരത്-ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഒപ്പുവച്ചു. കനത്ത പ്രതിഷേധങ്ങൾക്കിടെയിൽ ലോക്‌സഭയിലും രാജ്യസഭയിലും വിബി-ജി റാം ജി ബിൽ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണു രാഷ്ട്രപതി അംഗീകാരം നൽകിയത്.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് 'വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ-ഗ്രാമീൺ' ബിൽ മന്ത്രി ശിവരാജ് സിങ് ചൗഹാൻ പാർലമെന്റിൽ അവതരിപ്പിച്ചത്. പുതിയ ബില്ലിൽ ഗ്രാമീണരായ കുടുംബങ്ങൾക്കുള്ള തൊഴിൽദിനങ്ങൾ 100-ൽനിന്ന് 125 ദിവസമായി ഉയർത്തിയിട്ടുണ്ട്. ഇത് വരുമാനസുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ വിബി-ജി റാം ജി ബില്ലിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം കനത്ത പ്രതിഷേധമാണ് ഉയർത്തിയത്. ലോക്‌സഭയിൽ പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞിരുന്നു. വിബി-ജി റാം ജി ബില്ല് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്കോ, സംയുക്ത പാർലമെന്ററി സമിതിക്കോ വിടണമെന്നായിരുന്നു കോൺഗ്രസ് മുന്നോട്ടുവച്ച ആവശ്യം. എന്നാൽ ഇതു തള്ളി ബിൽ ലോക്‌സഭയിൽ പാസാക്കുകയായിരുന്നു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളി ശബ്ദവോട്ടോടെ ബിൽ രാജ്യസഭയും പാസാക്കിയിരുന്നു.