ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം: കസ്റ്റഡി നീട്ടിയതിനെതിരെ സിജെപി നേതാക്കൾ ഹൈക്കോടതിയിൽ
Oct 20, 2026, 18:02 IST
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ സിജെപി നേതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരാണ് ഹർജി നൽകിയത്.
തങ്ങളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് നേതാക്കൾ ഹർജി സമർപ്പിച്ചത്. അഭിഭാഷകൻ അഭിക് ചിംനിയാണ് ഇവർക്കായി ഹർജി നൽകിയത്.
ഒക്ടോബർ 13നാണ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കൊപ്പം അറസ്റ്റിലായ സിജെപി നേതാവ് അജിങ്ക്യ ഷിൻഡെയെ പിന്നീട് സ്വന്തം ജാമ്യത്തിലും 5,000 രൂപയുടെ ആൾജാമ്യത്തിലും വിട്ടയച്ചിരുന്നു. ജന്തർ മന്തറിലെ നിയന്ത്രണങ്ങൾ മറികടന്നെന്നാരോപിച്ചായിരുന്നു പൊലീസ് നടപടി.