മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും പ്രതിഷേധം; നേതാക്കളെ കസ്റ്റഡിയിലെടുത്തു
രാജ്യതലസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിജെപിയും ഇടത് സംഘടനകളും കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ചു. ജന്തർ മന്തറിൽനിന്ന് 200 മീറ്റർ അകലെയാണ് പ്രതിഷേധം നടന്നത്.
റോഡിലിരുന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ കേന്ദ്രസേനയും പൊലീസും ചേർന്ന് ബലം പ്രയോഗിച്ച് നീക്കി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി. തോമസ്, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ ആദർശ് എം. സജിയുടെ നെറ്റിക്ക് പരിക്കേറ്റു.
അതിനിടെ, പ്രത്യേക സിറ്റിങ് നടത്തിയ സുപ്രീംകോടതി പ്രതിഷേധം നിയന്ത്രിക്കുന്നതിന്റെ പേരിൽ പൗരസ്വാതന്ത്ര്യം തടയരുതെന്ന് നിർദേശിച്ചു. മെട്രോ സർവീസുകൾ സാധാരണ നിലയിൽ തുടരണമെന്നും ഇന്റർനെറ്റ് നിരോധിക്കരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, സിജെപി നേതാവ് അഭിജീത് ദീപ്‌കെ ഉൾപ്പെടെയുള്ളവർക്ക് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്