മണിപ്പൂരിൽ വീണ്ടും പ്രതിഷേധം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി
Aug 20, 2026, 14:12 IST
മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് ഇന്ന് മുതൽ തുടർച്ചയായ 3 ദിവസത്തെ അവധി പ്രഖ്യാപിച്ചത്. സെൻസസിന് മുമ്പ് ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് വിവിധ സംഘടനകളുടെ പ്രതിഷേധം.
കാംപെയ്ൻ ഫോർ ജസ്റ്റ് ആൻഡ് ഫെയർ ഡീലിമിറ്റേഷൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ബന്ദ് രണ്ടാം ദിവസവും തുടരുകയാണ്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ പ്രതിഷേധക്കാർ റോഡുകളിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇംഫാൽ ഈസ്റ്റിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കോലങ്ങൾ കത്തിച്ചു. വിവിധയിടങ്ങളിൽ റാലികളും സംഘടിപ്പിച്ചു.