വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ രാജ്യസഭയിൽ പ്രതിഷേധം; രാജ്യസഭ ഉച്ചയ്ക്ക് രണ്ടു വരെ പിരിഞ്ഞു
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ച ആദ്യദിവസം തന്നെ രാജ്യസഭയിൽ പ്രതിഷേധം ശക്തമായി. ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭാ നടപടികൾ തടസപ്പെട്ടു. തുടർന്ന് രാജ്യസഭാ നടപടികൾ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവച്ചു.
രാവിലെ സഭ ചേർന്ന ഉടൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും അനുശോചന പ്രമേയങ്ങളും പൂർത്തിയായതിന് പിന്നാലെ പ്രതിഷേധം ഉയർന്നതോടെ സഭ ആദ്യം നിർത്തിവച്ചു. പിന്നീട് ഉച്ചയ്ക്ക് 12 മണിക്ക് സഭ വീണ്ടും ചേർന്നെങ്കിലും പ്രതിഷേധം തുടർന്നതോടെ വീണ്ടും നടപടികൾ തടസപ്പെട്ടു.
ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചത്. അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രതിപക്ഷം ഉന്നയിച്ചു. സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങരുതെന്ന് ചെയർമാൻ അഭ്യർഥിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ അംഗങ്ങൾ തയ്യാറായില്ല. ഇതോടെയാണ് രാജ്യസഭാ ചെയർമാൻ സി. പി. രാധാകൃഷ്ണൻ സഭ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവയ്ക്കുന്നതായി അറിയിച്ചത്.
അതേസമയം, സഭ ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നീറ്റ് യുജി 2026 ചോദ്യപേപ്പർ ചോർച്ച വിഷയം ഉന്നയിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതര വിഷയമാണിതെന്ന് ഖാർഗെ ആരോപിച്ചു. വിഷയത്തിൽ പ്രതിഷേധവുമായി ആയിരക്കണക്കിന് വിദ്യാർഥികൾ ജന്തർ മന്തറിൽ എത്തിയിരുന്നുവെന്നും, അവർക്കെതിരെ ലാത്തിച്ചാർജ് നടത്തിയെന്നും ഖാർഗെ ആരോപിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം പ്രതിഷേധത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.