പഞ്ചാബി ഗായിക ഇന്ദർ കൗർ കനാലിൽ മരിച്ച നിലയിൽ; പ്രതികാരം തീർക്കാൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് കുടുംബം
കാണാതായ പ്രമുഖ പഞ്ചാബി ഗായിക ഇന്ദർ കൗറിനെ (യശീന്ദർ കൗർ) കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാനയ്ക്ക് സമീപമുള്ള നീലോൺ കനാൽ പരിസരത്തു നിന്നാണ് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ആറു ദിവസം മുൻപ് ഇന്ദർ കൗറിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതാണെന്നും അതിന് പിന്നിൽ ആസൂത്രിതമായ കൊലപാതകമാണെന്നുമാണ് കുടുംബത്തിന്റെ ഗുരുതരമായ ആരോപണം.
മേയ് 13-ന് വൈകുന്നേരം പലചരക്ക് സാധനങ്ങൾ വാങ്ങാനായി ഇന്ദർ കൗർ സ്വന്തം കാറിൽ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. എന്നാൽ രാത്രി വൈകിയിട്ടും യുവതി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സഹോദരൻ ജ്യോതീന്ദർ സിംഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇന്ദറിന്റെ തിരോധാനത്തിന് പിന്നിൽ ഭലൂർ സ്വദേശിയായ സുഖ്വീന്ദർ സിംഗ് ആണെന്ന് കുടുംബം ആദ്യഘട്ടത്തിൽ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇന്ദറിനെ വിവാഹം കഴിക്കാൻ സുഖ്വീന്ദർ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഈ വിവാഹാഭ്യർത്ഥന ഇന്ദർ കൗർ കർശനമായി നിരസിച്ചതോടെ സുഖ്വീന്ദറിന് കടുത്ത വ്യക്തിവൈരാഗ്യമുണ്ടായിരുന്നതായി കുടുംബം പറയുന്നു. ഗായികയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഇയാൾ അടുത്തിടെ കാനഡയിൽ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയെത്തിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സുഖ്വീന്ദറും കൂട്ടാളികളും ചേര്‍ന്ന് വഴിയിൽ വെച്ച് ഇന്ദറിന്റെ കാർ തടഞ്ഞുനിർത്തുകയും, തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ തള്ളുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കൃത്യത്തിന് ശേഷം പ്രതി കാനഡയിലേക്ക് തന്നെ തിരികെ കടന്നുകളഞ്ഞതായും കുടുംബം സംശയിക്കുന്നു. കേസിൽ സുഖ്വീന്ദർ സിംഗ്, കൂട്ടാളി കരംജിത് സിംഗ് എന്നിവർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.