ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതിഷേധം കടുക്കുന്നതിനിടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (NTA) വൻ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ. എൻ.ടി.എയിലെ 47 ഉദ്യോഗസ്ഥരെ ഉടൻ പ്രാബല്യത്തിൽ പിരിച്ചുവിട്ടു.
സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണ്ണമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരും ദിവസങ്ങളിൽ ചില ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് നടപടികൾ ഉൾപ്പെടെ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. എൻ.ടി.എയിൽ 39 സ്ഥിരം തസ്തികകൾ അനുവദിച്ചിട്ടുണ്ടെങ്കിലും 24 ജീവനക്കാർ മാത്രമാണ് ഉള്ളതെന്നും, പ്രവർത്തനങ്ങൾക്കായി 73 കരാർ ജീവനക്കാരെയും 124 ഔട്ട്‌സോഴ്‌സ് ജീവനക്കാരെയുമാണ് ആശ്രയിക്കുന്നതെന്നും കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചിരുന്നു.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും വിദ്യാർത്ഥി സംഘടനകളും സമരം ശക്തമാക്കിയിട്ടുണ്ട്. മന്ത്രിതല സമിതിയുമായി നടത്തിയ ചർച്ചകളിൽ രാജിയൊഴികെയുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും, മന്ത്രിയുടെ രാജിയില്ലാതെ ഒത്തുതീർപ്പില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി.