ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് ഇൻസ്റ്റഗ്രാമിൽ നഷ്ടപ്പെട്ടത് 10 ലക്ഷം ഫോളോവേഴ്സിനെ

 

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്ക് സോഷ്യൽ മീഡിയയിൽ കനത്ത തിരിച്ചടി. പാർട്ടി മാറ്റത്തിന് പിന്നാലെ വെറും 24 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്സിനെയാണ് ഛദ്ദയ്ക്ക് ഇൻസ്റ്റഗ്രാമിൽ നഷ്ടമായത്. രാഷ്ട്രീയ നിലപാടുകളിലെ മാറ്റം സോഷ്യൽ മീഡിയയിലെ ജനപ്രീതിയെ എങ്ങനെ ബാധിക്കുമെന്നതിന്റെ വലിയ ഉദാഹരണമായി ഈ സംഭവം മാറിക്കഴിഞ്ഞു.

വെള്ളിയാഴ്ച 14.6 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്ന ഛദ്ദയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ശനിയാഴ്ച ഉച്ചയോടെ ഫോളോവേഴ്സിന്റെ എണ്ണം 13.5 മില്യണായി കുറഞ്ഞു. ഓരോ മണിക്കൂറിലും ഈ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം 13.3 മില്യൺ ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. യുവതലമുറയുടെ, പ്രത്യേകിച്ച് 'ജെൻ സി' വിഭാഗത്തിന്റെ വലിയ പിന്തുണയുണ്ടായിരുന്ന നേതാവെന്ന നിലയിൽ ഈ ഡിജിറ്റൽ തിരിച്ചടി ഛദ്ദയ്ക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്.

രാഘവ് ഛദ്ദയെ ഇൻസ്റ്റാഗ്രാമിൽ 'അൺഫോളോ' ചെയ്യാൻ സോഷ്യൽ മീഡിയയിൽ വ്യാപകമായ കാമ്പയിൻ നടക്കുന്നുണ്ട്. ഇന്റർനെറ്റിന് ഒരാളെ ഒരൊറ്റ രാത്രി കൊണ്ട് ഹീറോയാക്കാനും അതുപോലെ പൂജ്യമാക്കാനും കഴിയുമെന്ന് എൻസിപി (എസ്പി) വക്താവ് അനീഷ് ഗവാണ്ടെ പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കളുടെ ജനപ്രീതി അളക്കാനുള്ള ആധുനിക മാനദണ്ഡമായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഈ സംഭവത്തെ വിലയിരുത്തുന്നത്. ഛദ്ദയ്ക്കൊപ്പം ആറ് രാജ്യസഭാ എംപിമാർ കൂടി ബിജെപിയിലേക്ക് ചേക്കേറിയത് ആം ആദ്മി പാർട്ടിക്കും വലിയ തിരിച്ചടിയായിട്ടുണ്ട്.