അമിത് ഷായ്ക്കെതിരായ പരാമർശം: മാനനഷ്ടക്കേസിൽ രാഹുൽഗാന്ധി കുറ്റവിമുക്തൻ
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് തള്ളി ഉത്തർപ്രദേശിലെ സുൽത്താൻപൂർ എംപി/എംഎൽഎ കോടതി. 2018ൽ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ബിജെപി നേതാവ് വിജയ് മിശ്രയായിരുന്നു പരാതി നൽകിയത്.
2018ൽ ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ അമിത് ഷായെ കൊലയാളിയെന്ന് വിശേഷിപ്പിച്ചെന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരായ ആരോപണം. 2005ലെ സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസുമായി ബന്ധപ്പെടുത്തിയായിരുന്നു പരാമർശം.
2023 നവംബർ 27ന് സുൽത്താൻപൂർ കോടതി രാഹുലിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം 2024 ഫെബ്രുവരി 20നാണ് കോടതിയിൽ എത്തിയത്. ജാമ്യം നേടുകയും ചെയ്തിരുന്നു. 2024 ജൂലൈ 26ന് അദ്ദേഹം കേസിൽ കോടതിയിൽ മൊഴി നൽകി. തികഞ്ഞ ബോധ്യത്തോടെ തന്നെയാണ് താൻ അമിത്ഷായ്ക്കെതിരെ പരാമർശം നടത്തിയതെന്നും എന്നാൽ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും രാഹുൽ കോടതിയെ അറിയിച്ചിരുന്നു.രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്.
മുൻപ്,, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചുള്ള 2019ലെ അപകീർത്തിക്കേസിൽ 2023 മാർച്ച് 23ന് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെടുകയും തുഗ്ലക് ലെയിനിലെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീംകോടതി ശിക്ഷ സ്റ്റേ ചെയ്തതിനെത്തുടർന്ന് ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടു.