അനധികൃത സ്വത്ത് സമ്പാദന കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം; അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

 

അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽ നിന്ന് വലിയ ആശ്വാസം. പരാതിയിൽ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി പൂർണ്ണമായും റദ്ദാക്കി. ഹൈക്കോടതി നിർദ്ദേശത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിലാണ് പരമോന്നത കോടതിയുടെ നിർണ്ണായക ഇടപെടൽ. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ബി.ജെ.പി അംഗം വിഗ്‌നേഷ് ശിശിർ നൽകിയ ഹർജി നിയമപരമായി നിലനിൽക്കുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വീണ്ടും പരിശോധിക്കുന്നതിനായി കേസ് അലഹബാദ് ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയക്കാൻ ബെഞ്ച് തീരുമാനിച്ചു. രാഹുൽ ഗാന്ധിക്ക് തന്റെ വാദം കേൾക്കാൻ അവസരം നൽകാതെ ഹൈക്കോടതി എന്തിനാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു.

നേരത്തെ കേസിൽ രാഹുൽ ഗാന്ധിയുടെ ഭാഗം കേട്ടിട്ടില്ലെന്ന കാരണത്താൽ തുടർനടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മെയ് മാസത്തിൽ പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലെ ജൂലൈ 20-ന് കേസ് പരിഗണിച്ചപ്പോഴും, വിഷയത്തിൽ സി.ബി.ഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ റദ്ദാക്കി കേസ് പുതിയതായി വാദം കേൾക്കാൻ നിർദ്ദേശിച്ചത്.