വ്യാജ ഐഡികൾക്കെതിരെ റെയിൽവേയുടെ മിന്നൽ നീക്കം; 3 കോടിയിലധികം അക്കൗണ്ടുകൾ ഐആർസിടിസി പൂട്ടിച്ചു

 

ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയുന്നതിനായി നടപടികൾ ശക്തമാക്കി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC). ഇതിന്റെ ഭാഗമായി സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ 3.03 കോടി യൂസർ ഐഡികൾ ഐആർസിടിസി പ്രവർത്തനരഹിതമാക്കി. വ്യാജ ഐഡികൾ വഴി അനധികൃതമായി ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് തടഞ്ഞ് സാധാരണക്കാരായ യാത്രക്കാർക്ക് ബുക്കിങ് എളുപ്പമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ടിക്കറ്റ് ബുക്കിങ് രംഗത്തെ ദുരുപയോഗം തടയുന്നതിനായി ആറ് കോടിയോളം യൂസർ ഐഡികളാണ് ഐആർസിടിസി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്. വ്യാജ ഡിജിറ്റൽ ഐഡികൾ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിനായി 13,343 സംശയാസ്പദമായ ഇമെയിൽ ഡൊമെയ്നുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. കൂടാതെ, നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി 4.2 ലക്ഷം സംശയാസ്പദമായ പിഎൻആറുകളെ (PNR) സംബന്ധിച്ച് 501 പരാതികൾ രജിസ്റ്റർ ചെയ്തതായും ഐആർസിടിസി അറിയിച്ചു. വ്യാജ ഐഡികളുടെ കടന്നുകയറ്റം കാരണം തിരക്കേറിയ തത്കാൽ ബുക്കിങ് സമയങ്ങളിൽ യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാൻ വലിയ തടസ്സങ്ങൾ നേരിട്ടിരുന്നു.

അതേസമയം, കഴിഞ്ഞ അധ്യയന-സാമ്പത്തിക വർഷത്തിൽ (2025-26) ഓൺലൈൻ ടിക്കറ്റ് റിസർവേഷനിൽ ഐആർസിടിസി റെക്കോർഡ് വളർച്ചയാണ് കൈവരിച്ചത്. ഇക്കാലയളവിൽ റിസർവ് ചെയ്ത റെയിൽവേ ടിക്കറ്റുകളുടെ 89 ശതമാനവും ഐആർസിടിസിയുടെ ഓൺലൈൻ ചാനലുകൾ വഴിയാണ് ബുക്ക് ചെയ്തത്. ടിക്കറ്റ് ബുക്കിങ്, പിഎൻആർ സ്റ്റാറ്റസ് പരിശോധന, ടിക്കറ്റ് റദ്ദാക്കൽ, റീഫണ്ടുകൾ എന്നിവ എളുപ്പമാക്കാൻ 'ആസ്ക് ദിഷ' (Ask DISHA) എന്ന വോയ്സ്-ടെക്സ്റ്റ് അധിഷ്ഠിത ചാറ്റ്ബോട്ട് സംവിധാനം യാത്രക്കാരെ ഏറെ സഹായിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

സൈബർ തട്ടിപ്പുകൾ തടയുന്നതിനൊപ്പം യാത്രാസൗകര്യങ്ങളും ഭക്ഷണ സുരക്ഷയും വർദ്ധിപ്പിക്കാൻ സാങ്കേതികവിദ്യയുടെ സഹായം റെയിൽവേ തേടുന്നുണ്ട്. ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിനായി നിലവിൽ എണ്ണൂറിലധികം ബേസ് കിച്ചണുകളിൽ (അടുക്കളകളിൽ) എ.ഐ (Artificial Intelligence) കാമറകൾ സ്ഥാപിച്ചതായും റെയിൽവേ അറിയിച്ചു.