എഎപിയുടെ കത്ത് തള്ളി രാജ്യസഭ ചെയർമാൻ; 7 എംപിമാരുടെ കൂറുമാറ്റത്തിന് അംഗീകാരം

 

ആം ആദ്മി പാർട്ടിയിൽ (എഎപി) നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ഏഴ് രാജ്യസഭ എംപിമാരുടെ നടപടിക്ക് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ അംഗീകാരം നൽകി. കൂറുമാറിയ എംപിമാരെ അയോഗ്യരാക്കണമെന്ന എഎപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ചെയർമാന്റെ ഈ നിർണ്ണായക തീരുമാനം. ഇതോടെ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 106-ൽ നിന്ന് 113 ആയി ഉയർന്നു. സഭയിൽ ബിജെപിയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതാണ് പുതിയ നീക്കം.

പാർട്ടി അച്ചടക്ക നടപടി നേരിട്ട രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാൾ എന്നീ എംപിമാരാണ് കഴിഞ്ഞ വെള്ളിയാഴ്ച എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്ന് ആരോപിച്ചാണ് ഇവർ കൂറുമാറിയത്. ഇതിൽ ആറുപേരും പഞ്ചാബിൽ നിന്നുള്ള പ്രതിനിധികളാണ്. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന്റെ കൂറുമാറ്റം കായിക-രാഷ്ട്രീയ മേഖലകളിൽ വലിയ ചർച്ചയായിരുന്നു.

എംപിമാരുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്നും അതിനാൽ അവരുടെ അംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിംഗ് രാജ്യസഭാ ചെയർമാന് കത്ത് നൽകിയിരുന്നു. എന്നാൽ, രാജ്യസഭ സെക്രട്ടേറിയറ്റിന്റെ പുതിയ വിജ്ഞാപനപ്രകാരം ഈ ഏഴ് എംപിമാരെയും ബിജെപി പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യസഭയിൽ ആം ആദ്മി പാർട്ടിയുടെ അംഗബലം വെറും മൂന്നായി ചുരുങ്ങി. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കിടെ എഎപിക്ക് ഏറ്റ വലിയ തിരിച്ചടിയായാണ് ഈ കൂറുമാറ്റം വിലയിരുത്തപ്പെടുന്നത്.