രാമക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം നാളെ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും രാജി പ്രധാന അജൻഡ
അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം ചൊവ്വാഴ്ച നടക്കും. രാമക്ഷേത്രത്തിലെ കാണിക്കവെട്ടിപ്പ് വിവാദവും അതുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്ന പശ്ചാത്തലമായാണ് യോഗം ചേരുന്നത്. വിവാദം പുറത്തുവന്ന ശേഷമുള്ള ട്രസ്റ്റിന്റെ ആദ്യ യോഗമാണിത്.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും രാജിയാണ് യോഗത്തിലെ പ്രധാന അജൻഡ. രാജി അംഗീകരിച്ചാൽ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികളും ചർച്ച ചെയ്യും. പ്രത്യേക ക്ഷണിതാവായ ഗോപാൽ റായിയുടെ ചുമതലയും യോഗം പരിഗണിച്ചേക്കും.
ട്രസ്റ്റ് അധ്യക്ഷൻ നൃത്യഗോപാൽ ദാസിന്റെ ആശ്രമമായ മണിറാം ഛാവ്‌നിയിലാണ് യോഗം നടക്കുക. യോഗത്തിൽ സ്ഥിരാംഗങ്ങളും എക്സ് ഒഫീഷ്യോ അംഗങ്ങളും പങ്കെടുക്കണമെന്നു ട്രഷറർ ഗോവിന്ദ് ദേവ് ഗിരി അഭ്യർഥിച്ചു.
മൂത്രാശയ അണുബാധയും ശ്വാസതടസവും മൂലം കഴിഞ്ഞ 29 മുതൽ ചികിത്സയിലായിരുന്ന നൃത്യഗോപാൽ ദാസ് വെള്ളിയാഴ്ച ആശ്രമത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. അനാരോഗ്യമുണ്ടെങ്കിലും അദ്ദേഹം യോഗത്തിൽ പങ്കെടുത്തേക്കും. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ മൂലം യാത്ര ചെയ്യാനാവാത്ത ട്രസ്റ്റ് അംഗം കെ. പരാശരൻ വിഡിയൊ കോൺഫറൻസിലൂടെയാകും പങ്കെടുക്കുക.
പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്ഐടി) ഇതുവരെയുള്ള കണ്ടെത്തലുകളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചേക്കും. ഭാവിയിൽ ഇത്തരം വെട്ടിപ്പുകളും വീഴ്ചകളും ഒഴിവാക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളും പരിശോധിക്കും. 2025-26ലെ ട്രസ്റ്റിന്‍റെ വരവുചെലവു കണക്കുകൾ, ബാലൻസ് ഷീറ്റ്, മറ്റു ധനകാര്യ ഇടപാടുകളുടെ വിശദാംശങ്ങൾ തുടങ്ങിയവ യോഗത്തിന്‍റെ പരിഗണനയ്ക്കു വയ്ക്കും.ക്ഷേത്രത്തിന്‍റെ ദൈനംദിന പരിപാലനച്ചുമതലയിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ നിയമിക്കുന്നതും യോഗത്തിൽ ചർച്ചയായേക്കും