മാധ്യമ പ്രവർത്തകനും റാമോജി ഗ്രൂപ്പ് ചെയർമാനുമായ റാമോജിറാവു അന്തരിച്ചു
മാധ്യമ പ്രവർത്തകനും റാമോജി ഗ്രൂപ്പ് ചെയർമാനുമായ സി.എച്ച് രാമോജി റാവു (88 ) ഹൈദരാബാദിലെ ആശുപുത്രിയിൽ ശനിയാഴ്ച പുലർച്ചെ 4.50 ന് അന്തരിച്ചു. കുറച്ച് ദിവസങ്ങളായി റാവു ചികിൽസയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം രാമോജി ഫിലിം സിറ്റിയിലെ വസതിയിലേക്ക് കൊണ്ടുപോയി.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലാണ് റാവു ജനിച്ചത്. ആന്ധ്രയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയാണ് കാർഷിക കുടുംബത്തിൽ പിറന്ന റാമോജി റാവു പടുത്തുയർത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും കൂടിയാണ്. ഈനാട് പത്രം, ഇടിവി നെ്വർക്ക്, രാമദേവി പബ്ലിക് സ്‌കൂൾ, പ്രിയ ഫുഡ്സ്, ഉഷാകിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷൻ, മാർഗദർസി ചിറ്റ് ഫണ്ട്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയായിരുന്നു. ഏറെക്കാലം ആന്ധ്ര രാഷ്ട്രീയത്തെ പോലും നിയന്ത്രിക്കുന്നവരിൽ പ്രധാനിയായിരുന്നു.
1983ൽ സ്ഥാപിതമായ ചലച്ചിത്ര നിർമാണ കമ്പനിയായ ഉഷാകിരൻ മൂവീസിന്റെ ബാനറിൽ നിരവധി സൂപ്പർ ഹിറ്റുകൾ അദ്ദേഹം സമ്മാനിച്ചു. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകൾ നിർമിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരവും നാലു ഫിലിംഫെയർ അവാർഡുകളും നേടിയിട്ടുണ്ട്. 2000 ൽ പുറത്തിറങ്ങിയ 'നുവ്വേ കാവാലി' എന്ന സിനിമയ്ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾക്ക് 2016ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഈടിവി, ഈനാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്.1986 ൽ ടി.കൃഷ്ണയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'പകരത്തിന് പകരം' എന്ന മലയാള ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ്.