ഒഡിഷയിൽ പീഡനത്തിനിരയായ വിദ്യാർത്ഥിനിയുടെ മരണം: 'പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചു', പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി

 

ഒഡിഷയിൽ അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായിരുന്നുവെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

നീതി ഉറപ്പാക്കേണ്ടതിനു പകരം വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും ആവർത്തിച്ച് അപമാനിക്കുകയും ചെയ്ത് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നലെ രാത്രി 11.45ഓടെയാണ് വിദ്യാർഥി മരിച്ചത്. അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് തീക്കോളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് എയിംസ് ഭുവനേശ്വറിൽ ചികിത്സയിലായിരുന്നു.