മുംബൈയിൽ പ്രളയഭീതി, റെഡ് അലർട്ട് പ്രഖ്യാപിച്ചു

 

മുംബൈ നഗരത്തിലും സമീപജില്ലകളിലും കനത്ത മഴ തുടരുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ 1000 മില്ലീമീറ്റര്‍ മഴയാണ് നഗരത്തില്‍ പെയ്തിറങ്ങിയത്. ജൂലൈ മാസത്തിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 80 ശതമാനവും വെറും അഞ്ച് ദിവസത്തിനുള്ളിൽ പെയ്തിറങ്ങിയതായും അധികൃതർ അറിയിച്ചു.മുംബൈ, താനെ, പാൽഘർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ ശക്തി തുടരുകയാണെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് മുന്നറിയിപ്പുണ്ട്.

ലോക്കൽ ട്രെയിൻ സർവീസുകളും വിമാന സർവീസുകളും മഴയെ തുടർന്ന് തടസപ്പെട്ടിട്ടുണ്ട്. ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മുംബൈയിൽ 300 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാൻ 10,000-ത്തിലധികം ബിഎംസി ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.