ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം, ഉമര്‍ സൂത്രധാരൻ; 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ
2025 നവംബറിൽ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനം ചാവേർ ആക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി (NIA). കേസിൽ ഡൽഹി റൗസ് അവന്യൂ കോടതിയിൽ സമർപ്പിച്ച 7,500 പേജുള്ള കുറ്റപത്രത്തിലാണ് എൻ.ഐ.എ നിർണായക വിവരങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാറിലുണ്ടായിരുന്ന ഡോ. ഉമർ ഉൻ നബി തന്നെയാണ് കമാൻഡ് മെക്കാനിസം ഉപയോഗിച്ച് സ്ഫോടകവസ്തു സ്വയം പൊട്ടിത്തെറിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
അൽഖയ്ദയുമായി ബന്ധമുള്ള അൻസാർ ഗസ്വത്-ഉൽ-ഹിന്ത് എന്ന ഭീകര സംഘടനയുടെ നിർജ്ജീവമായ മൊഡ്യൂൾ പുനരുജ്ജീവിപ്പിച്ച് ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട മുഖ്യ സൂത്രധാരനാണ് ഉമർ നബി. കശ്മീരി ഡോക്ടറായ ഇയാൾ ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തുവരികയായിരുന്നു. ഡി.എൻ.എ പരിശോധനയിലൂടെയാണ് കാറിലുണ്ടായിരുന്നത് ഉമർ നബിയാണെന്ന് സ്ഥിരീകരിച്ചത്. സംഭവസ്ഥലത്തുനിന്ന് അതിശക്തമായ അസറ്റോൺ ട്രൈപെറോക്‌സൈഡ്, അമോണിയം നൈട്രേറ്റ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
'സിഗ്നൽ' പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നത്. 2025 നവംബർ 10-ന് നടന്ന സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചാവേറായ മുഖ്യ സൂത്രധാരൻ ഉമർ നബി സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടതിനാൽ ഇയാൾക്കെതിരെയുള്ള നിയമനടപടികൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഗൂഢാലോചനയിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ശക്തമായി തുടരുകയാണെന്ന് എൻ.ഐ.എ വ്യക്തമാക്കി.