മലിനീകരണം നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ എയർ പ്യൂരിഫയറിന്റെ ജിഎസ്ടി കുറയ്ക്കൂ: കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി
രാജ്യതലസ്ഥാനത്തെ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. നഗരത്തിലെ വായു ഗുണനിലവാരം 'ഗുരുതരം' എന്ന വിഭാഗത്തിൽ തുടരുമ്പോൾ, എയർ പ്യൂരിഫയറുകൾക്ക് 18 ശതമാനം ജിഎസ്ടി (GST) ഈടാക്കുന്നതിനെ കോടതി ചോദ്യം ചെയ്തു. ജനങ്ങൾക്ക് ശുദ്ധവായു ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ, കുറഞ്ഞപക്ഷം എയർ പ്യൂരിഫയറുകളുടെ നികുതി കുറച്ച് അവ ലഭ്യമാക്കാനാണ് കോടതി നിർദേശിച്ചത്. നികുതി കുറയ്ക്കുന്ന കാര്യത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.
എയർ പ്യൂരിഫയറുകളെ 'മെഡിക്കൽ ഡിവൈസ്' പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. മെഡിക്കൽ ഉപകരണങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടാൽ ഇവയുടെ നികുതി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയും. ശുദ്ധവായു എന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് ഓർമ്മിപ്പിച്ച ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച്, വായുമലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ആശങ്ക രേഖപ്പെടുത്തി.
ഒരു മനുഷ്യൻ പ്രതിദിനം ശരാശരി 21,000 തവണ ശ്വാസമെടുക്കുന്നുണ്ടെന്നും കടുത്ത മലിനീകരണം ശ്വാസകോശത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന് ആലോചിക്കണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡൽഹിയിലെ ജനങ്ങൾ ശ്വാസംമുട്ടുന്ന അവസ്ഥയിലാണെന്നും ഇത്തരം ഘട്ടത്തിൽ എയർ പ്യൂരിഫയറുകൾ ആഡംബര വസ്തുവല്ല, മറിച്ച് അത്യാവശ്യ ഘടകമാണെന്നും കോടതി വിലയിരുത്തി.