സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണം; ഹൈദരാബാദിലെ മെറ്റ ഓഫീസ് അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
നേതാക്കളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തെലങ്കാനയിലെ ഹൈദരാബാദിലുള്ള മെറ്റ ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജക്കിടി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ എത്തിയ ഇരുപതിലധികം പ്രവർത്തകരാണ് ഓഫീസ് കെട്ടിടത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയും പരിസരത്തെ പൂച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും ചെയ്തത്. മെറ്റയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
മെറ്റയ്ക്ക് നട്ടെല്ലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് എക്സിൽ കുറിപ്പ് പങ്കുവെച്ച യൂത്ത് കോൺഗ്രസ്, നിയന്ത്രണമേർപ്പെടുത്തിയ അക്കൗണ്ടുകളും പോസ്റ്റുകളും ഏഴ് ദിവസത്തിനകം പൂർണ്ണമായി പുനഃസ്ഥാപിക്കണമെന്നും അന്ത്യശാസനം നൽകി. ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ കോടതികളിലും തെരുവുകളിലും കമ്പനി ഓഫീസുകളിലും പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ്, ദേശീയ ചുമതലയുള്ള മനീഷ് ശർമ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കാണ് മെറ്റ നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ, പ്രതിഷേധം നടന്ന് വെറും പതിനഞ്ച് മിനിറ്റിനുള്ളിൽ തന്നെ പ്രസിഡന്റിന്റെയും മറ്റു ഭാരവാഹികളുടെയും അക്കൗണ്ടുകൾ പുനഃസ്ഥാപിക്കപ്പെട്ടതായി യൂത്ത് കോൺഗ്രസ് പിന്നീട് അവകാശപ്പെട്ടു. പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ മെറ്റ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ഇത്തരം സെൻസർഷിപ്പ് നടപടികൾക്കെതിരെ പോരാട്ടം തുടരുമെന്നും സംഘടന വ്യക്തമാക്കി.
അതേസമയം, മെറ്റ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ ബി.ജെ.പി രൂക്ഷമായ ഭാഷയിൽ അപലപിച്ചു. കോൺഗ്രസ് ഗുണ്ടകളുടെ പാർട്ടിയാണെന്നും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകൾ തകർക്കുന്നതാണ് അവരുടെ രീതിയെന്നും ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. നേരത്തെ ലോക എ.ഐ ഉച്ചകോടിക്കിടെ നഗ്നരായി പ്രതിഷേധിച്ച് രാജ്യത്തിന് അപമാനമുണ്ടാക്കിയവരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.