അഞ്ച് രൂപയ്ക്ക് ചോറും മീൻകറിയും; 400 കാന്റീനുകളുമായി ബംഗാൾ സർക്കാർ
സംസ്ഥാനത്തുടനീളം അഞ്ച് രൂപയ്ക്ക് ചോറും മീൻകറിയും നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ. സർക്കാർ കാന്റീനുകളിലൂടെയാകും ഭക്ഷണം വിതരണം ചെയ്യുക.മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി സംസ്ഥാന വ്യാപകമായി 400 കാന്റീനുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കല്യാണിയിൽ നടന്ന ഔദ്യോഗിക യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.
തൃണമൂൽ കോൺഗ്രസ് ഉയർത്തിയ മത്സ്യ-മാംസ നിരോധന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് സർക്കാർ പുതിയ പദ്ധതി മുന്നോട്ടുവച്ചത്.മുൻ മുഖ്യമന്ത്രി മമത ബാനർജി നേരത്തെ ബിജെപിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ബംഗാളിന്റെ പ്രധാന ഭക്ഷണ വിഭവങ്ങളായ മീനും ചോറും നിരോധിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. ബംഗാളിലെ ജനങ്ങൾ മീനും മാംസവും മുട്ടയും കഴിക്കരുതെന്ന് പറയുന്നുവെങ്കിൽ അവർ പിന്നെ എന്ത് കഴിക്കുമെന്നുമായിരുന്നു മമതയുടെ ചോദ്യം.
അതേസമയം, അതേസമയം പാർട്ടി അധികാരത്തിൽ എത്തിയാൽ ഇത്തരം തീരുമാനങ്ങൾ ഒന്നും ഉണ്ടാകില്ലെന്നായിരുന്നു ബിജെപിയുടെ മറുവാദം. മാത്രമല്ല അനുരാഗ് കശ്യപിനെ പോലുള്ള നിരവധി ബിജെപി നേതാക്കൾ ചോറും മീൻകറിയും അടങ്ങിയ ഭക്ഷണവിരുന്നുകളിൽ പങ്കെടുക്കുകയും ബംഗാളിന്റെ സംസ്‌കാരത്തെ ഉയർത്തിക്കാട്ടാൻ നാമനിർദേശ പത്രിക നൽകാനുള്ള യാത്രകളിൽ മീൻ കൈയിൽ കരുതുകയും ചെയ്തതെല്ലാം വാർത്തയായിരുന്നു
അഞ്ച് രൂപയ്ക്ക് ഭക്ഷണം നൽകുന്ന കാന്റീൻ പദ്ധതി ബംഗാളിൽ നേരത്തേയും ജനപ്രീതി നേടിയിരുന്നു. 2021ൽ മമത ബാനർജിയാണ് 'മാ കാന്റീൻ' പദ്ധതി ആരംഭിച്ചത്. ചോറ്, ദാൽ, മുട്ടക്കറി എന്നിവയാണ് അവിടെ വിതരണം ചെയ്തിരുന്നത്. പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ വലിയ തുകയും മാറ്റിവച്ചിരുന്നു.