റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി 1,000 രൂപ പിഴ

 

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി 1,000 രൂപ പിഴ. 2012ലെ റെയിൽവേ ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ഇരട്ടിയാക്കിയത്. ഭേദഗതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

പിഴ അടയ്ക്കാത്തവരെ കോടതിയിൽ ഹാജരാക്കും. ഇത്തരം കേസുകളിൽ കോടതിക്ക് 2,000 രൂപ വരെ പിഴ ചുമത്താനും നിയമമുണ്ട്. സ്റ്റേഷൻ മാസ്റ്റർ, സ്റ്റേഷൻ മാനേജർ, ടിക്കറ്റ് കലക്ടർ എന്നിവരിൽ ടിക്കറ്റ് കലക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്കാണ് പിഴ ചുമത്താൻ അധികാരം.

ട്രെയിനിലോ റെയിൽവേ പരിസരങ്ങളിലോ മാലിന്യം നിക്ഷേപിക്കുക, അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യുക, തുപ്പുക, മലമൂത്ര വിസർജനം നടത്തുക, മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം നൽകുക തുടങ്ങിയവയ്ക്ക് പിഴ ബാധകമാണ്.

ഇതിന് പുറമെ റെയിൽവേ പരിസരത്ത് തുണി കഴുകുക, വാഹനങ്ങൾ കഴുകുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുക, റെയിൽവേയുടെ സ്വത്തുക്കൾ വികൃതമാക്കുക, അനധികൃതമായി ചുവരെഴുത്തുകളും പോസ്റ്ററുകളും പതിക്കുക തുടങ്ങിയവയും ശിക്ഷാർഹമാണ്.