2200 കോടി രൂപ വായ്പാ തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ വീണ്ടും കേസ്
ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ വ്യവസായി അനിൽ അംബാനിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കം നടപടികളുമായി ഇ ഡി മുന്നോട്ടുപോകുന്നതിനിടെ ആണ് പുതിയ വായ്പ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്
അനിൽ അംബാനിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. 2200 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി എന്നാണ് കേസ്. വായ്പ വക മാറ്റി ചെലവിടുകയും തിരിച്ചടവ് നടത്താതിരിക്കുകയും ചെയ്തു. സമാനകുറ്റം ചെയ്തതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ബാങ്കുകളുടെ കൺസോർഷ്യം നേരത്തെ സിബിഐക്ക് പരാതി നൽകിയിരുന്നു.
ബാങ്ക് ഓഫ് ബറോഡ ഇതിന്റെ ഭാഗമായിരുന്നില്ല. ബാങ്ക് ഓഫ് ബറോഡയിൽ ലയിക്കും മുമ്പ് വിജയ ബാങ്കിൽ നിന്നാണ് അനിൽ അംബാനി റിലയൻസ് കമ്മ്യൂണിക്കേഷൻസ് വേണ്ടി വായ്പ എടുത്തത്. സമാന കുറ്റകൃത്യങ്ങളിൽ ഇഡിയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ ഡൽഹിയിലെ ഇ ഡി ആസ്ഥാനത്ത് അനിൽ അംബാനി ചോദ്യം ചെയ്യലിലും ഹാജരായി. മുംബൈയിലെ അനിൽ അംബാനിയുടെ വസതി അടക്കം 15,000 കോടിയുടെ സ്വത്തുക്കൾ ഇതുവരെ ഇഡി കണ്ടു കെട്ടിയിട്ടുണ്ട്.