എസ് ജാനകിക്ക് അന്ത്യയാത്രാമൊഴി; മൈസൂരുവിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

 

പതിറ്റാണ്ടുകളായി സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച ഗായിക എസ്. ജാനകിക്ക് അന്ത്യയാത്രാമൊഴി. മൈസൂരുവിലെ കനിയനഹുണ്ഡി ഫാംഹൗസിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. മൈസൂരു മഹാരാജാസ് കോളജ് മൈതാനത്തു മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാരച്ചടങ്ങ്. സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് പ്രിയഗായികയെ അവസാനമായി കാണാൻ മഹാരാജാസ് കോളജ് മൈതാനത്തേക്ക് എത്തിയത്.വൈകിട്ട് നാലരയോടെ മഹാരാജാസ് കോളജിലെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം കനിയനഹുണ്ഡി ഫാം ഹൗസിലേക്ക് എത്തിച്ചത്.എസ്. ജാനകിയുടെ പേരക്കുട്ടി അപ്‌സരയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.

ഇന്നലെ രാത്രി ഏഴരയോടെ മൈസൂരു അപ്പോളോ ബിജിഎസ് ആശുപത്രിയിലായിരുന്നു ജാനകിയമ്മയുടെ അന്ത്യം. മലയാളത്തില്‍ ഉള്‍പ്പെടെ 48,000 പാട്ടുകള്‍ ബാക്കിയാക്കിയാണ് ജാനകിയമ്മ മടങ്ങുന്നത്. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ളീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, സിംഹള, ജര്‍മന്‍ ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്.

മികച്ച ഗായികയ്ക്കുള്ള ദേശിയ അവാര്‍ഡ് നാലുതവണ എസ്.ജാനകിയ്ക്ക് ലഭിച്ചു. ഓപ്പോള്‍ എന്ന സിനിമയിലെ ഏറ്റുമാനൂരമ്പലത്തില്‍ എന്നു തുടങ്ങുന്ന പാട്ടാണ് 1981ലെ ദേശീയ അവാര്‍ഡിന് ജാനകിയെ അര്‍ഹയാക്കിയത്. രണ്ടു തവണ തമിഴ് ഗാനങ്ങളും ഒരു തവണ തെലുങ്ക് ഗാനവുമാണ് എസ് ജാനകിക്ക് ദേശീയ പുരസ്‌കാരം സമ്മാനിച്ചത്. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 11 തവണ ലഭിച്ചു.

പരേതനായ വി.രാമപ്രസാദാണ് എസ്. ജാനകിയുടെ ഭര്‍ത്താവ്. 1958ലായിരുന്നു വിവാഹം. 1990ല്‍ അദ്ദേഹം മരണപ്പെട്ടു. ഏകമകനും നർത്തകനുമായ മുരളീകൃഷ്‌ണ (65) ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ജനുവരിയിൽ മരിച്ചതിനു ശേഷം ചെറുമകൾ അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു ജാനകി താമസിച്ചിരുന്നത്.