എസ്. ജാനകിക്ക് ഇന്ന് ഔദ്യോഗിക യാത്രാമൊഴി; സംസ്‌കാരം വൈകിട്ട് മൈസൂരുവിൽ
ഇന്നലെ അന്തരിച്ച വിഖ്യാത ഗായിക എസ്. ജാനകിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മൈസൂരുവിലെ കനിയനഹുണ്ഡി ഫാംഹൗസിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ജാനകിയുടെ ആഗ്രഹപ്രകാരമാണ് അവിടെ സംസ്‌കരിക്കുന്നത്.
രാവിലെ എട്ടുമുതൽ മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതുദർശനം ആരംഭിച്ചു.ആയിരങ്ങളാണ്അന്ത്യാഞ്ജലി അർപ്പിക്കാൻ മൈസൂരു മഹാരാജാസ് ഗ്രൗണ്ടിലേക്ക് എത്തുന്നത്. കലാ, സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും അന്തിമോപചാരം അർപ്പിക്കാനത്തി
ശ്വസനസംബന്ധമായ അസ്വസ്ഥതയെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ മൈസൂരു അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകിയെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്. 88 വയസ്സായിരുന്നു.
ഈ വർഷം ജനുവരിയിൽ ഏകമകൻ മുരളീകൃഷ്ണയുടെ മരണത്തിന് ശേഷം ചെറുമകൾ അപ്സരക്കൊപ്പം ആയിരുന്നു ജാനകിയുടെ താമസം.
1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച എസ്. ജാനകി പതിറ്റാണ്ടുകളോളം ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ നിറസാന്നിധ്യമായിരുന്നു. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകി, മലയാളത്തിൽ മാത്രം 1200-ഓളം ഗാനങ്ങൾക്ക് ശബ്ദം നൽകി.
2017 ഒക്ടോബറിലാണ് പൊതുവേദിയിലെ സംഗീതപരിപാടികളിൽ നിന്ന് എസ്. ജാനകി വിരമിച്ചത്. ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളിലൂടെ എന്നും ഓർമിക്കപ്പെടുന്ന ഗായികയ്ക്കാണ് ഇന്ന് രാജ്യം അന്തിമ യാത്രാമൊഴി നൽകുന്നത്.