വീട്ടിൽ പോലീസ് പരിശോധന നടത്തിയത് ഭയപ്പെടുത്താനെന്ന് സൗരവ് ദാസ്; കേന്ദ്ര സർക്കാരിനെതിരെ ആരോപണം
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ കുടുംബവീട്ടിൽ പോലീസ് സംഘം എത്തി പരിശോധന നടത്തിയെന്നും ബന്ധുക്കളെ ചോദ്യം ചെയ്തെന്നും ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) വക്താവ് സൗരവ് ദാസ്. തട്ടകത്തിൽ ഭയം സൃഷ്ടിച്ച് ശബ്ദമില്ലാതാക്കാനാണ് ശ്രമമെങ്കിൽ അത് നടക്കില്ലെന്നും കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് പോലീസിന്റെ ഈ നടപടിയെന്നും സൗരവ് ആരോപിച്ചു.
തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം എക്‌സ് (X) പോസ്റ്റിൽ കുറ്റപ്പെടുത്തി. രണ്ടുമണിക്കൂർ മുൻപാണ് പോലീസ് വീട് സന്ദർശിച്ചതെന്നും സാധാരണ നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായല്ല ഇത് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടുദിവസം മുൻപ് പുതുച്ചേരി സന്ദർശിച്ച് ലെഫ്റ്റനന്റ് ഗവർണറുമായും ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾ ആ സന്ദർശനത്തിൽ ആസൂത്രണം ചെയ്തതാണോ എന്നും സൗരവ് ദാസ് ചോദിച്ചു. ഇത്തരം നീക്കങ്ങൾ തന്നെ ഭയപ്പെടുത്തില്ലെന്നും കാര്യക്ഷമവും സുതാര്യവുമായ സംവിധാനത്തിനായി നിലകൊള്ളാനുള്ള ദൃഢനിശ്ചയം വർധിപ്പിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.