സവർക്കറേക്കുറിച്ചുള്ള പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി
വി.ഡി. സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ഉത്തർപ്രദേശിൽ നിലനിന്നിരുന്ന ക്രിമിനൽ കേസ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ പരാതിയുടെ അതിന്റെയടിസ്ഥാനത്തിൽ എടുത്ത കേസും ലഖ്‌നൗ കോടതി രാഹുൽ ഗാന്ധിക്കെതിരേ പുറപ്പെടുവിച്ച സമൻസുമാണ് കോടതി റദ്ദാക്കിയത്.
ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153-എ, 505 വകുപ്പുകൾ പ്രകാരം വിചാരണ നേരിടാൻ ലഖ്‌നൗവിലെ വിചാരണ കോടതി പുറപ്പെടുവിച്ച സമൻസ് ചോദ്യംചെയ്താണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തേ അലഹാബാദ് ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചിരുന്നു.
ഭാരത് ജോഡോ യാത്രയ്ക്കിടെ 2022 നവംബർ 17-ന് നടത്തിയ പ്രസംഗത്തിലാണ് സവർക്കറെ ബ്രിട്ടീഷുകാരുടെ സഹായിയെന്ന് രാഹുൽഗാന്ധി വിശേഷിപ്പിച്ചത്. സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് പെൻഷൻ വാങ്ങിയിരുന്നെന്നും രാഹുൽ ആരോപിച്ചിരുന്നു. ഇതിനെതിരേ അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡയാണ് ലഖ്‌നൗവിലെ വിചാരണ കോടതിയിൽ ക്രിമിനൽ പരാതി നൽകിയത്. പരാമർശം സമൂഹത്തിൽ വിദ്വേഷവും അസ്വാരസ്യവും സൃഷ്‌ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു പരാതിക്കാരൻ്റെ ആരോപണം. ആദ്യം പരാതി തള്ളിയെങ്കിലും പിന്നീട് സെഷൻസ് കോടതി ഇടപെട്ടതിനെത്തുടർന്ന് വിഷയം വീണ്ടും പരിഗണിക്കുകയായിരുന്നു. തുടർന്ന് ലഖ്‌നൗ മജിസ്ട്രേറ്റ് രാഹുൽ ഗാന്ധിക്കെതിരേ സമൻസ് പുറപ്പെടുവിച്ചു.
2025 ഏപ്രിലിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സമൻസ് നടപടികൾ സ്റ്റേ ചെയ്‌തിരുന്നു. അതേസമയം, സവർക്കറെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശങ്ങളിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.