കോടതി ഉത്തരവ് നിലനിൽക്കെ ബുൾഡോസർ നടപടി; അസം സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസയച്ച് സുപ്രീം കോടതി
ബുൾഡോസറുകൾ ഉപയോഗിച്ച് നിർമിതികൾ പൊളിക്കുന്ന വിഷയത്തിൽ അസം സർക്കാരിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. കോടതികളുടെ മുൻകൂർ അനുമതി കൂടാതെ പൊളിക്കൽ നടപടി കൈക്കൊള്ളരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് അസം സ്വദേശികളായ 47 പേർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്.
വിഷയത്തിൽ അസം സർക്കാർ മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ഹർജിയിൽ അടുത്ത വാദം കേൾക്കുന്നതുവരെ തൽസ്ഥിതി തുടരണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബി.ആർ. ഗവായി, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. പൊളിക്കൽ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ സംസ്ഥാന സർക്കാർ തങ്ങളുടെ വീടുകൾ പൊളിച്ചെന്ന് ഹർജിക്കാർ ആരോപിക്കുന്നു. മാത്രമല്ല, തങ്ങളുടെ ഹർജികൾ തീർപ്പാക്കുംവരെ നടപടികളൊന്നും കൈക്കൊള്ളില്ലെന്ന് അസം അഡ്വക്കേറ്റ് ജനറൽ ഗുവാഹത്തി ഹൈക്കാടതിയിൽ പറഞ്ഞത് നടപ്പായില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കാംരൂപ് ജില്ലയിലെ കചുടോലി പതർ ഗ്രാമത്തിനും പരിസരത്തുമുള്ള 47 വീടുകൾ പൊളിച്ചുനീക്കിയ സംഭവമാണ് ഇപ്പോൾ കോടതി കയറുന്നത്. സ്ഥലത്തിന്റെ യഥാർഥ ഉടമസ്ഥരുമായി കരാറിൽ ഏർപ്പെട്ടാണ് പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നതെന്ന് ഹർജിക്കാർ അവകാശപ്പെടുന്നു. ഗോത്രവർഗക്കാരുടെ ഭൂമി അനധികൃതമായി കയ്യടക്കിവെച്ചെന്ന സർക്കാർ ആരോപണത്തെയും ഇവർ തള്ളുന്നുണ്ട്.
താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ ഒരുമാസത്തെ സമയം അനുവദിക്കാതെയും ഒഴിപ്പിക്കൽ നോട്ടീസ് നൽകാതെയുമാണ് സർക്കാർ പൊളിച്ചുനീക്കൽ നടത്തിയതെന്നും ഹർജിക്കാർ ആരോപിക്കുന്നു.