സ്‌കൂൾ വാൻ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്ക്കും വിദ്യാർത്ഥിക്കും ജീവൻ നഷ്ടമായി, 16 പേർക്ക് പരിക്ക്
Jul 18, 2025, 14:20 IST
ഉത്തർപ്രദേശിൽ സ്‌കൂൾ വാൻ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥിക്കും അധ്യാപികയ്ക്കും ദാരുണാന്ത്യം. അനയ എന്ന വിദ്യാർത്ഥിക്കും അധ്യാപികയായ നിഷ(30) ക്കുമാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശിലെ അമരോഹ ജില്ലയിലെ ഹാസൻപൂർ-ഗജ്‌റൗള റോഡിലാണ് അപകടം നടന്നത്. വിദ്യാർത്ഥി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചുവെന്നും അധ്യാപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് പറയുന്നു.
പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. രാവിലെ 7.20 നാണ് അപകടം നടന്നത്. സഹ്‌സോലിയിലെ ഇൻറർനാഷണൽ പബ്ലിക്ക് സ്‌കൂളിലെ വാനാണ് അപകടത്തിൽ പെട്ടത്. വിദ്യാർത്ഥികളെയും അധ്യാപകരേയും കയറ്റി രാവിലെ സ്‌കൂളിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. പരിക്കേറ്റവരിൽ 13 പേർ വിദ്യാർത്ഥികളാണ്. ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.