ജമ്മു കശ്മീരിലെ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു

 

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു. ലോറൻ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് ദുരന്തം ഉണ്ടായത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണതോടെയാണ് അപകടം സംഭവിച്ചത്.

വീട്ടിനുള്ളിലുണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ചവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. മണ്ണ് ഉപയോഗിച്ച് നിർമിച്ചിരുന്ന വീട് അപകടത്തിൽ പൂർണമായും തകർന്നു.

ശനിയാഴ്ച മുതൽ പൂഞ്ച് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും മറ്റ് ദുരന്തങ്ങളും ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.

മഴക്കെടുതിയിൽ ഇതുവരെ ജില്ലയിൽ 17 പേർ മരിച്ചതായും ആറു പേരെ കാണാതായതായും അധികൃതർ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.