ആന്ധ്രപ്രദേശിൽ മലേറിയ പ്രതിരോധ ഗുളിക കഴിച്ച് ഏഴുവയസുകാരി മരിച്ചു; 53 പേർ ആശുപത്രിയിൽ

 

ആന്ധ്രപ്രദേശിൽ മലേറിയ പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് വിതരണം ചെയ്ത ഗുളിക കഴിച്ചതിന് പിന്നാലെ ഏഴുവയസുകാരി മരിച്ചു. പോളവരം ജില്ലയിലെ ആദിവാസി മേഖലയിൽ മാധവി ജമുനയാണ് മരിച്ചത്. 47 കുട്ടികളടക്കം 53 ഗ്രാമവാസികളെ കടുത്ത അലർജിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മുൻകരുതൽ നടപടിയായാണ് ആരോഗ്യപ്രവർത്തകർ ക്ലോറോക്വിൻ ഗുളികകൾ വിതരണം ചെയ്തത്. ഗുളിക കഴിച്ചതിന് പിന്നാലെയാണ് നിരവധി പേർക്ക് കടുത്ത അലർജിയും മറ്റ് പാർശ്വഫലങ്ങളും അനുഭവപ്പെട്ടത്.

പെൺകുട്ടിയുടെ മരണം പോളവരം ജില്ലാ കലക്ടർ കെ. ദിനേശ് കുമാർ സ്ഥിരീകരിച്ചു. ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും സ്ഥിതിഗതികൾ അധികൃതർ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നാര ചന്ദ്രബാബു നായിഡു വിവരങ്ങൾ തേടുകയും സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മരുന്നിന്റെ അളവിലുണ്ടായ പിഴവാണോ, വിതരണത്തിലെ വീഴ്ചയാണോ, മരുന്ന് വാങ്ങിയതിലെ ക്രമക്കേടാണോ സംഭവത്തിന് പിന്നിലെന്നത് അന്വേഷണത്തിലൂടെ വ്യക്തമാകും.