ഉത്തരേന്ത്യയിൽ കടുത്ത ശൈത്യ തരംഗം തുടരുന്നു
Jan 16, 2026, 15:45 IST
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം അതിശക്തമായി തുടരുന്നു. കകനത്ത തണുപ്പും പുകമഞ്ഞും കാരണം നോയിഡയിലും ഗാസിയാബാദിലും സ്കൂളുകൾക്ക് നാളെ വരെ അവധി നീട്ടി നൽകി.ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായി അനുഭവപ്പെടുന്ന പുക മഞ്ഞിനെ തുടർന്ന് ദൃശ്യപരിധിയെ ബാധിച്ചു. ഡൽഹിയിൽ വ്യോമഗതാഗതവും റെയിൽ ഗതാഗതവും സാരമായി തടസപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകിയിട്ടുണ്ട്.ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 4.3 ഡിഗ്രി സെൽഷ്യസാണ്. ശൈത്യ തരംഗത്തോടൊപ്പം വായുമലിനീകരണവും രൂക്ഷമായി തുടരുകയാണ്. ഡൽഹിയിലെ വായു ഗുണനിലവാരം നിലവിൽ ‘വളരെ മോശം’ വിഭാഗത്തിലാണ്.ശൈത്യ തരംഗവും പുകമഞ്ഞും തുടർന്നാൽ അടുത്ത ദിവസങ്ങളിലും സാധാരണ ജനജീവിതം കൂടുതൽ ബാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.