ലൈംഗികാതിക്രമ കേസ്: പ്രമുഖ വ്യവസായി ആർ. വീരമണിക്കും സഹായികൾക്കുമെതിരെ ഗുണ്ടാനിയമം ചുമത്തി
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ പ്രമുഖ വ്യവസായിയും ജെം ഗ്രാനൈറ്റ്‌സ് ഉടമയുമായ ആർ. വീരമണി (84), സഹായികളായ ശാന്തി, മഹേന്ദ്രസിംഹൻ എന്നിവർക്കെതിരെ ചെന്നൈ പോലീസ് ഗുണ്ടാനിയമം ചുമത്തി. പ്രതികൾ പൊതുസമൂഹത്തിന് അപകടകാരികളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ പോലീസ് കമ്മിഷണർ അമൽ രാജിന്റെ നിർദേശപ്രകാരം നടപടി. പ്രതികൾ നിലവിൽ പുഴൽ സെൻട്രൽ ജയിലിൽ കസ്റ്റഡിയിലാണ്.
വീരമണിക്കെതിരെ ഇതുവരെ മൂന്ന് പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പെൺകുട്ടികളെ പീഡിപ്പിക്കാൻ അവസരമൊരുക്കുകയും തെളിവുകൾ നശിപ്പിക്കാൻ സഹായിക്കുകയും ചെയ്തതിനാണ് ശാന്തിയെയും ഭർത്താവ് മഹേന്ദ്രസിംഹനെയും അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 29-ന് അറസ്റ്റിലായ പ്രതികൾക്കെതിരായ ആദ്യ കേസിലെ അന്വേഷണവും തെളിവെടുപ്പും പൂർത്തിയായിട്ടുമുണ്ട്. പ്രത്യേക അന്വേഷണ സംഘം (SIT) അടുത്ത ആഴ്ച തന്നെ കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിക്കും.