ജെഎൻയു പ്രഫസർക്കെതിരെ ലൈംഗികാതിക്രമ പരാതി; 10 വിദ്യാർഥികൾ പരാതി നൽകി

 

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പ്രഫസർക്കെതിരെ ലൈംഗികാതിക്രമ പരാതി. പത്ത് വിദ്യാർഥികളാണ് പ്രഫസർക്കെതിരെ പരാതി നൽകിയത്. സംഭവത്തിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിച്ചു.

ഏകദേശം ഒരു മാസം മുമ്പാണ് പ്രഫസർക്കെതിരെ ആദ്യ പരാതി ലഭിച്ചത്. സൗഹൃദ കൂട്ടായ്മകൾക്കായി വിദ്യാർഥികളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയും അവിടെ വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതായാണ് ആരോപണം. ക്ലാസ് മുറിയിൽവെച്ച് വിദ്യാർഥികളോട് അനുചിതമായ പരാമർശങ്ങൾ നടത്തിയതായും പരാതിയിലുണ്ട്.

ആഭ്യന്തര പരാതി പരിഹാര സമിതിക്ക് ആദ്യ പരാതി ലഭിച്ചതിന് പിന്നാലെയാണ് കൂടുതൽ വിദ്യാർഥികൾ പ്രഫസർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.സംഭവത്തിൽ ജെഎൻയു അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണ്.