ശിവസേന പ്രതിഷേധത്തിനിടെ അബദ്ധം; സോണിയാ ഗാന്ധിയുടെ പുസ്തകത്തിന് പകരം ബാൽ താക്കറെയുടെ ചിത്രം മാറിക്കീറി ഷൈന എൻ.സി

 

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ ശിവസേന നേതാവിന് ഗുരുതരമായ പിഴവ്. ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന നേതാവ് ഷൈന എൻ.സി.യാണ് പ്രതിഷേധത്തിനിടയിൽ അബദ്ധത്തിൽ പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ ചിത്രം കീറിയത്. സംഭവത്തെ തുടർന്ന് ഉദ്ധവ് താക്കറെ വിഭാഗവും കോൺഗ്രസും ഷൈനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങ്ങിങ്' (Belonging) എന്ന പുസ്തകത്തിന്റെ വിതരണം തടയണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയായിരുന്നു ഷിൻഡെ വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചത്. പുസ്തകത്തിൽ സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങളുണ്ടെന്നും ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചായിരുന്നു സമരം. ഷൈന എൻ.സി., സഞ്ജയ് നിരുപം, ആനന്ദ് ദുബെ തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിന്റെ ഭാഗമായി പുസ്തകത്തിന്റെ പേജുകൾ കീറുന്നതിനിടെയാണ് അബദ്ധത്തിൽ ബാൽ താക്കറെയുടെ ചിത്രവും കീറിയത്.

കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരെ ബാൽ താക്കറെ ചെരിപ്പുകൊണ്ടടിക്കുന്ന പഴയ ചിത്രമാണ് പ്രതിഷേധക്കാർ കരുതിയിരുന്നത്. ഉദ്ധവ് താക്കറെ വിഭാഗം കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടതിനെ വിമർശിക്കാനാണ് ഈ ചിത്രം ഉപയോഗിച്ചത്. എന്നാൽ പ്രതിഷേധത്തിനിടയിൽ ഈ ചിത്രവും കടലാസുകളും കൂട്ടത്തോടെ കീറുന്നതിനിടയിൽ ഷൈന എൻ.സിക്ക് അബദ്ധം പറ്റുകയായിരുന്നു. സഹപ്രവർത്തകനായ സഞ്ജയ് നിരുപം ഇത് ചൂണ്ടിക്കാട്ടിയതോടെ ഷൈന ചിത്രം വേഗത്തിൽ മറ്റ് കടലാസുകൾക്കിടയിൽ ഒളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് ശിവസേനാ മേധാവിയും ഉപമുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ ഷൈന എൻ.സി.യെ വിളിപ്പിച്ചു. നിയമസഭയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അതേസമയം, കീറിയത് ബാൽ താക്കറെയുടെ ചിത്രമല്ലെന്നും മണിശങ്കർ അയ്യരുടെ ചിത്രമാണെന്നുമുള്ള വിശദീകരണമാണ് ശിവസേന നേതാക്കളും ഷൈന എൻ.സി.യും നൽകുന്നത്.

ചരിത്രത്തിലെ ആ പ്രതിഷേധം

2004 ഓഗസ്റ്റ് 27-നാണ് വിവാദത്തിനിടയായ ആ സംഭവം നടന്നത്. സവർക്കറെ അപമാനിച്ചുവെന്നാരോപിച്ച് അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രിയായിരുന്ന മണിശങ്കർ അയ്യരുടെ കോലത്തിൽ ബാൽ താക്കറെ സ്വന്തം ചെരുപ്പുകൊണ്ട് അടിക്കുന്നതായിരുന്നു അന്നത്തെ പ്രതിഷേധം. ഈ പഴയ ചിത്രമാണ് ഇപ്പോൾ ഷിൻഡെ വിഭാഗത്തിന്റെ പ്രതിഷേധത്തിനിടയിൽ രാഷ്ട്രീയവിവാദമായി മാറിയിരിക്കുന്നത്. ബാൽ താക്കറെയുടെ നിലപാടുകൾക്ക് വിരുദ്ധമായാണ് ഉദ്ധവ് വിഭാഗം കോൺഗ്രസുമായി കൈകോർത്തതെന്നത് ജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ഈ ചിത്രം ഉപയോഗിച്ചതെങ്കിലും, അബദ്ധത്തിൽ ചിത്രം തന്നെ കീറിയത് പാർട്ടിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.