15 സെക്കൻഡിനിടെ വെടിയുതിർത്തത് 30 തവണ; കുൽഗാം ഭീകരാക്രമണത്തിൽ ആഭ്യന്തരമന്ത്രാലയം ഉന്നതതലയോഗം വിളിച്ചു
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ജവാന്മാർക്കുനേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉന്നതതലയോഗം വിളിച്ചു. ആക്രമണത്തിന്റെ വിശദാംശങ്ങൾ സിആർപിഎഫ് ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് ജവാന്മാരെ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ സിആർപിഎഫ് ചെക്ക് പോസ്റ്റിനുനേരെ വെടിയുതിർത്തത്. രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരു ജവാന്റെ നില ഗുരുതരമാണെന്നാണ് വിവരം.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആദ്യ 15 സെക്കൻഡിനിടെ മുപ്പത് തവണയോളം അക്രമികൾ വെടിയുതിർത്തതായും പിന്നീട് ഒരു ഡസനോളം തവണ കൂടി വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും അക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.