രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ
May 28, 2026, 13:11 IST
കർണാടക മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതായി മന്ത്രിമാരെ അറിയിച്ച് സിദ്ധരാമയ്യ.അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തിൽ വ്യക്തമാക്കി. ഏറെ നാളായി രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് സിദ്ധരാമയ്യയുടെ നിർണായക പ്രഖ്യാപനം.ഇന്ന് രാവിലെ ഔദ്യോഗിക വസതിയായ 'കാവേരി'യിൽ ചേർന്ന പ്രഭാതഭക്ഷണ മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരോട് രാജി പ്രഖ്യാപനം അറിയിച്ചത്. തുടർന്ന്, ഡി.കെ. ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി പിന്തുണയ്ക്കണമെന്നും മന്ത്രിമാരോട് സിദ്ധരാമയ്യ അഭ്യർഥിച്ചു. സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തോടെ കർണാടക രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. അടുത്ത മുഖ്യമന്ത്രിയായി ആരെത്തുമെന്നതിലേക്കാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധ.