ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം; നിരവധി പേർക്ക് പരിക്ക്

 

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ജില്ലയിൽ യാത്രക്കാരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏകദേശം 35 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

അപകടവിവരമറിഞ്ഞ ഉടൻ തന്നെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ ഇരുപതോളം പേരെ കൊക്കയിൽ നിന്ന് പുറത്തെത്തിച്ചതായും വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി. ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.