വിദ്യാർഥികൾക്ക് ഐക്യദാർഢ്യം: നാളെ രാജ്യവ്യാപകമായി മെഴുകുതിരി ജാഥയും സത്യാഗ്രഹവും സംഘടിപ്പിക്കാൻ കോൺഗ്രസ്
നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ ഉണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് നാളെ (ശനിയാഴ്ച) രാജ്യവ്യാപകമായി മെഴുകുതിരി ജാഥകളും സത്യാഗ്രഹവും സംഘടിപ്പിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സംസ്ഥാന ഘടകങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെയും കേന്ദ്ര സർക്കാരിന്റെ പരാജയത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങൾ മഹാത്മാഗാന്ധിയുടെയോ ഡോ. ബി.ആർ. അംബേദ്കറുടെയോ പ്രതിമകൾക്ക് മുന്നിൽ സമാപിച്ച് അവിടെ സത്യാഗ്രഹം നടത്താനാണ് തീരുമാനം.
സംസ്ഥാന, ജില്ലാ, ബ്ലോക്ക് കമ്മിറ്റികളും പോഷകസംഘടനകളും വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധത്തിൽ പങ്കാളികളാകും. വിദ്യാർഥികളുടെ അവകാശങ്ങൾക്കായി ഒപ്പം നിൽക്കുമെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങളെ നേരിടുമെന്നും കോൺഗ്രസ് വ്യക്തമാക്കി.