സോനം വാങ്ചുക് ആശുപത്രി വിട്ടു
നീറ്റ് പരീക്ഷാ ചോർച്ചക്കെതിരെ നിരാഹാര സമരം നടത്തിയ മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രി വിട്ടു. ഡിസ്‌ചാർജ് വിവരം എക്‌സിലൂടെ വാങ്‌ചുക് തന്നെയാണ് വിഡിയോ സഹിതം പങ്കുവെച്ചത്. 'ഒടുവിൽ, ഞാൻ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയി പുറത്തിറങ്ങുകയാണ്. മഹാത്മാഗാന്ധിക്ക് പ്രണാമാർപ്പിക്കാൻ രാജ്ഘട്ടിലേക്ക് പോകുന്നു, അതിനുശേഷം തിരികെ മലനിരകളിലേക്ക് മടങ്ങും. പിന്തുണച്ച എല്ലാവർക്കും ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ വിദഗ്ധരായ ഡോക്‌ടർമാർക്കും ജീവനക്കാർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി' വാങ്ചുക് പറഞ്ഞു. താൻ പതുക്കെ സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യം വീണ്ടെടുത്തുവരികയാണെന്നും അദ്ദേഹം വിഡിയോയിൽ വ്യക്തമാക്കി.
കോക്രോച്ച് ജനതാ പാർട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി ജന്തർമന്തറിൽ ജൂൺ 28 മുതൽ നിരാഹാര സമരം അനുഷ്‌ഠിച്ചു വരികയായിരുന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ജൂലായ് 18-നാണ് പോലീസ് അദ്ദേഹത്തെ സഫ്‌ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അദ്ദേഹത്തെ മേദാന്തയിലേക്ക് മാറ്റുകയായിരുന്നു