'വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെ സോണിയ ഗാന്ധി എതിർത്തു'; മാപ്പ് പറയണമെന്ന് ബിജെപി
കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കുന്നത് സോണിയ ഗാന്ധി തടയാൻ ശ്രമിച്ചെന്ന ആരോപണവുമായി ബിജെപി. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി വക്താവ് സുധാൻഷു ത്രിവേദി ആവശ്യപ്പെട്ടു. എന്നാൽ ബിജെപിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ആഘോഷങ്ങൾക്കിടെ മല്ലികാർജുൻ ഖാർഗെ ദീർഘനേരം നിൽക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് ഇരിക്കാൻ കസേര ആവശ്യപ്പെടുകയാണ് സോണിയ ചെയ്തതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിശദീകരിച്ചു. 1937-ൽ കൽക്കത്തയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരം രവീന്ദ്രനാഥ ടാഗോറിന്റെ നിർദ്ദേശാനുസരണമാണ് വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രം ആലപിക്കുന്ന രീതി കോൺഗ്രസ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിയും പൂർണരൂപത്തിൽ ആലപിക്കണമെന്ന കേന്ദ്ര മാർഗനിർദേശവും നിലവിലുണ്ട്.