സി.ജെ.പിക്ക് വിദേശ സഹായമെന്ന ആരോപണം തള്ളി സൗരവ് ദാസ്; കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷവിമർശനം

 

കോക്രോച്ച് ജനതാ പാർട്ടിക്ക് (CJP) വിദേശസഹായം ലഭിക്കുന്നുണ്ടെന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഡോ. ജിതേന്ദ്രസിങ്ങിന്റെ ആരോപണം തള്ളി സി.ജെ.പി നേതൃത്വം. ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് സി.ജെ.പി നേതാവ് സൗരവ് ദാസ് ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന യുവജന പ്രക്ഷോഭത്തിന് പിന്നിൽ വിദേശ സഹായമുണ്ടെന്ന് ചൊവ്വാഴ്ചയാണ് കേന്ദ്രമന്ത്രി ആരോപിച്ചത്.

കഴിഞ്ഞ ജൂലൈയിൽ നടന്ന സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയ്ക്കൊപ്പം മധ്യസ്ഥചർച്ചകൾ നടത്തിയ ജിതേന്ദ്രസിങ് തന്നെ ഇത്തരം ആക്ഷേപവുമായി രംഗത്തുവന്നത് വിരോധാഭാസമാണെന്ന് സൗരവ് ദാസ് ചൂണ്ടിക്കാട്ടി. സമരം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ജനകീയ മുന്നേറ്റങ്ങളെ പണം നൽകിയുള്ള പ്രചാരണത്തിലൂടെ അപകീർത്തിപ്പെടുത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഒരു കേന്ദ്രമന്ത്രി ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഏറ്റെടുക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശപണമുണ്ടെന്ന ആരോപണം ഉന്നയിക്കുന്ന മന്ത്രിമാർ എന്തിനാണ് തങ്ങളുമായി അനുരഞ്ജന ചർച്ചകൾ നടത്തിയതെന്ന് സി.ജെ.പി നേതാവ് അശുതോഷ് റാങ്ക ചോദിച്ചു. ചോദ്യക്കടലാസ് ചോർച്ചയും രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സർക്കാർ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സി.ജെ.പി ആരോപിച്ചു.