കശ്മീരിൽ കാണാതായ സ്‌പെഷ്യൽ പോലീസ് ഓഫീസർമാർക്ക് വീരമൃത്യു, ദേഹമാസകലം വെടിയേറ്റ നിലയിൽ

 

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പട്രോളിങ്ങിനിടെ കാണാതായ രണ്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ (SPO) ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. ദച്ചൻ സ്വദേശികളായ റീഷിപാൽ (40), ബോബി ചന്ദ് (54) എന്നിവരാണ് വീരമൃത്യു വരിച്ചത്. ദേഹമാസകലം വെടിയേറ്റ നിലയിൽ ദെഹാർന വനമേഖലയിൽ നിന്നാണ് സുരക്ഷാ സേന ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.ബുധനാഴ്ച ഉച്ചതിരിഞ്ഞ് മർവാർ മേഖലയിലുള്ള ബസ്‌നാനിലെ കരസേനാ സംഘത്തിന് പകരം ചുമതലയേൽക്കാൻ പോകുന്നതിനിടെയാണ് ഇവരെ കാണാതായത്.

വൈകുന്നേരം 3:30-ഓടെ വനമേഖലയിൽ വെടിവെപ്പ് ശബ്ദം കേട്ടതായും പിന്നാലെ മൊബൈൽ നെറ്റ്‌വർക്കുകൾ തടസ്സപ്പെട്ടതായും പ്രദേശവാസികൾ വെളിപ്പെടുത്തിയിരുന്നു. ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ എസ്.ഒ.ജി (SOG) സംഘം നടത്തിയ വ്യാപക തിരച്ചിലിലാണ് വ്യാഴാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ആയുധങ്ങളും ഭീകരർ കവർന്നിട്ടുണ്ട്.ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഭീകരരെ കണ്ടെത്താനായി കരസേന, പോലീസ്, സി.ആർ.പി.എഫ് എന്നിവരുടെ സംയുക്ത സംഘം പ്രദേശം വളഞ്ഞ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പാക് ഭീകരർ മേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം കുൽഗാമിലെ ചെക്ക്പോസ്റ്റിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്കും പരിക്കേറ്റിരുന്നു.