കോൺഗ്രസിന്റെ ടിവികെ പിന്തുണയിൽ ഇടഞ്ഞ് സ്റ്റാലിൻ; 'ഇന്ത്യ' സഖ്യ യോഗത്തിൽ നിന്ന് ഡിഎംകെ വിട്ടുനിൽക്കും

 

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ദീർഘകാല സഖ്യത്തിൽ വിള്ളൽ. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന 'ഇന്ത്യ' (INDIA) സഖ്യത്തിന്റെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ തീരുമാനിച്ചു. തമിഴ്‌നാട്ടിൽ വിജയ്‌യുടെ പാർട്ടിയായ ടിവികെയെ (TVK) സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണച്ചതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്. എക്‌സിലൂടെ (X) പുറത്തുവിട്ട പ്രസ്താവനയിലാണ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡിഎംകെ വ്യക്തമാക്കിയത്.

കോൺഗ്രസിന്റേത് 'വഞ്ചനയും പിന്നിൽനിന്നുള്ള കുത്തുമാണ്' എന്ന് ഡിഎംകെ നേതാക്കൾ പരസ്യമായി ആരോപിച്ചു. രാഷ്ട്രീയ ലാഭത്തിനായി പതിറ്റാണ്ടുകൾ നീണ്ട പങ്കാളിത്തം കോൺഗ്രസ് ഉപേക്ഷിച്ചുവെന്നാണ് അവരുടെ വാദം. ഇതിന് പിന്നാലെ തർക്കം പാർലമെന്റിലേക്കും വ്യാപിച്ചു. മാറിയ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി ഡിഎംകെ എംപിമാർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി എംപി ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയത് സഖ്യത്തിലെ തകർച്ചയുടെ ഔദ്യോഗിക പ്രതിഫലനമായി.

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരായ സംയുക്ത തന്ത്രങ്ങൾ ചർച്ച ചെയ്യാനാണ് പ്രതിപക്ഷ കക്ഷികൾ ഈ മാസം എട്ടിന് യോഗം ചേരുന്നത്. ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടന്നേക്കാവുന്ന യോഗത്തിൽ ഏകദേശം 15 പാർട്ടികൾ പങ്കെടുത്തേക്കും. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും തമിഴ്‌നാട്ടിൽ ഡിഎംകെക്കും നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് ഈ ഒത്തുചേരൽ. ആഭ്യന്തര പ്രശ്നങ്ങളാൽ ആം ആദ്മി പാർട്ടി നേരത്തെ തന്നെ സഖ്യത്തിൽ നിന്ന് അകലം പാലിച്ചിട്ടുള്ളതിനാൽ അവരും യോഗത്തിനെത്തില്ല.

ഭൂരിഭാഗം എംഎൽഎമാരും നേതൃത്വത്തിനെതിരെ കലാപം ഉയർത്തുന്നതിനിടയിലും മമത ബാനർജിയും ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. ബംഗാളിൽ ടിഎംസി നേതാക്കൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ മമത യോഗത്തിൽ ഉന്നയിക്കും. ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രമുഖരും യോഗത്തിൽ പങ്കെടുത്തേക്കും. ഡിഎംകെയുടെ പിന്മാറ്റം ബിജെപിക്കെതിരെ ഒന്നിച്ചുനിൽക്കാൻ ലക്ഷ്യമിടുന്ന സഖ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.