രാംലീല മൈതാനത്തെ കോൺഗ്രസ് റാലിക്ക് കർശന ഉപാധികളോടെ അനുമതി
എസ്.ഐ.ആർ വിഷയത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിക്ക് ഡൽഹി പോലീസ് അനുമതി നൽകി. നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടക്കുന്ന റാലിക്ക് നിരാക്ഷേപപത്രം (NOC) അനുവദിച്ചുവെങ്കിലും ജനക്കൂട്ട നിയന്ത്രണം, സി.സി.ടി.വി നിരീക്ഷണം, യാത്രാസൗകര്യങ്ങൾ, റാലി അവസാനിക്കേണ്ട സമയം എന്നിവയുമായി ബന്ധപ്പെട്ട് കർശന ഉപാധികളാണ് പോലീസ് മുന്നോട്ടുവെച്ചിട്ടുള്ളത്.
വോട്ടുചോർച്ച ആരോപിച്ചും എസ്.ഐ.ആറിൽ മറുപടി ആവശ്യപ്പെട്ടും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമാണ് റാലി സംഘടിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നേതൃത്വം നൽകുന്ന റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്തുലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ മാത്രമാണ് റാലിക്ക് അനുമതിയുള്ളത്. അഞ്ചുമണിക്ക് തന്നെ പരിപാടി അവസാനിപ്പിക്കണമെന്നും മൈതാനത്ത് രാത്രി തങ്ങാനോ മറ്റ് സ്ഥലങ്ങളിലേക്ക് മാർച്ച് നടത്താനോ പാടില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി എച്ച്.ഡി സി.സി.ടി.വി ക്യാമറകളും പ്രത്യേക കൺട്രോൾ റൂമും സംഘാടകർ ഒരുക്കേണ്ടതുണ്ട്.