ഡൽഹിയിലെ കടുത്ത നിയന്ത്രണം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എ. ബേബി സുപ്രീം കോടതിയിൽ
എസ്.ഐ.ആറിന്റെ (SIR) പേരിലുള്ള വോട്ടേഴ്സ് ലിസ്റ്റ് അട്ടിമറിക്ക് എതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10-ന് ജന്തർമന്തറിൽ നടത്തുന്ന പ്രതിഷേധം തടയാനുള്ള പോലീസിന്റെയും കേന്ദ്ര സർക്കാരിന്റെയും നീക്കങ്ങൾക്കെതിരെ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി സുപ്രീം കോടതിയെ സമീപിച്ചു. വിദ്യാർത്ഥി സംഘടനകളും ബഹുജന കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് നടത്തുന്ന സമാധാനപരമായ പ്രതിഷേധത്തിന് പോലീസിനെ മുൻകൂട്ടി വിവരമറിയിച്ചിരുന്നതായി പൊതുതാൽപ്പര്യ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹിയിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ വിലക്കിയും 57 മെട്രോ സ്റ്റേഷനുകൾ അടച്ചൂപൂട്ടിയും നിസാമൂദ്ദീനിലേക്കുള്ള ട്രെയിൻ സർവീസുകളും ടാക്സികളും തടഞ്ഞും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് ഡൽഹി ഭരണകൂടവും കേന്ദ്ര സർക്കാരും ശ്രമിക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ജനങ്ങളുടെ മൗലികാവകാശങ്ങളായ സഞ്ചാരസ്വാതന്ത്ര്യം, ഒത്തുചേരാനുള്ള അവകാശം എന്നിവയുടെ ലംഘനമാണ് ഇതെന്നും ഒക്ടോബർ 9 രാത്രി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും എം.എ. ബേബി ഹർജിയിലൂടെ ആവശ്യപ്പെട്ടു.