മുംബൈയിൽ സ്‌കൂൾ ബസിന് മുകളിൽ മരം വീണ് വിദ്യാർഥി മരിച്ചു; പത്തോളം പേർക്ക് പരുക്ക്

 

മുംബൈയില്‍ ഉണ്ടായ കനത്ത മഴയിൽ സ്‌കൂൾ ബസിന് മുകളിൽ മരം വീണ് വിദ്യാർഥി മരിച്ചു. തിലക് നഗറിലെ യൂണിവേഴ്‌സൽ സ്‌കൂളിലെ വിദ്യാർഥിയായ വിഹാൻ ശ്രീവാസ്തവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് അപകടം നടക്കുമ്പോള്‍ ബസില്‍ 18 കുട്ടികള്‍ ഉണ്ടായിരുന്നു.പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചില വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം.പരുക്കേറ്റവര്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുമാറ്റി കുട്ടികളെ തകര്‍ന്ന ബസില്‍ നിന്ന് പുറത്തെടുത്തത്. അതേസമയം പ്രദേശത്ത് സമാനമായ അപകടങ്ങള്‍ മുന്‍പും നടന്നിട്ടുണ്ടെന്നും അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.