'വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണം'; മോദി സർക്കാരിനോട് മുരളി മനോഹർ ജോഷി

 

നീറ്റ് (NEET) പരീക്ഷാ ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും വിഷയം സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമെന്നും മുതിർന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി. ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഡൽഹിയിലെ തെരുവിൽ കഴിയുന്നത് വേദനാജനകമാണെന്ന് അദ്ദേഹം എക്‌സിലൂടെ പ്രതികരിച്ചു.

പരീക്ഷാ സംവിധാനത്തിലെ അപാകതകൾക്ക് ശാശ്വത പരിഹാരം കാണണം. വിദ്യാർത്ഥി പ്രക്ഷോഭത്തെ കേവലം ക്രമസമാധാന പ്രശ്നമായി കണ്ട് ബലംപ്രയോഗിച്ച് അടിച്ചമർത്തരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ച അദ്ദേഹം, പെൺകുട്ടികളെയടക്കം ക്രൂരമായി നേരിടുന്നത് ദുഃഖകരമാണെന്നും കൂട്ടിച്ചേർത്തു. ഇത്തരം നടപടികൾ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിൽ നിന്ന് സമൂഹത്തെ അകറ്റാനേ ഉപകരിക്കൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ (INDIA) സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡുകൾ ഉയർത്തി പൊലീസ് തടസ്സപ്പെടുത്തിയെങ്കിലും അത് നീക്കി മുന്നേറിയ എംപിമാർ, ബിർള മന്ദിരത്തിന് മുന്നിൽ ധർണയിരുന്ന് ദേശീയഗാനം ആലപിച്ചാണ് സമരം അവസാനിപ്പിച്ചത്.