ക്ലാസ് മുറിയിൽ വിദ്യാർഥിനികളുടെ മദ്യപാനം; ദൃശ്യങ്ങൾ വൈറലായതോടെ 6 പേരെ സസ്പെൻഡ് ചെയ്തു
ക്ലാസ് മുറിയിലിരുന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനികളുടെ മദ്യപാനം. തമിഴ്നാട്ടിലെ തിരുനെൽവേലി പാളയംകോട്ടയിലുള്ള ഒരു സർക്കാർ എയ്ഡഡ് സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥിനികൾ യൂണിഫോമിൽ ക്ലാസ് മുറിക്കുള്ളിൽ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സഹപാഠികൾ പകർത്തിയ ഈ വീഡിയോ വിവാദമായതോടെ, സംഭവത്തിൽ ഉൾപ്പെട്ട ആറ് വിദ്യാർഥിനികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്ലാസ്റ്റിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിച്ച് വെള്ളം ചേർത്താണ് കുട്ടികൾ കുടിച്ചത്. ഈ വിദ്യാർഥിനികൾക്ക് എങ്ങനെ മദ്യം ലഭിച്ചു, ആരാണ് ഇത് എത്തിച്ചു നൽകിയത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് നൽകാൻ അധികൃതർ തീരുമാനിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ക്ലാസ് മുറിയിൽ മദ്യപിച്ചത് സ്കൂൾ അധികൃതരുടെയും ജീവനക്കാരുടെയും ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണെന്ന് ആരോപിച്ച് രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.