പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണം, സർക്കാറിന് നിർദേശവുമായി സുപ്രീം കോടതി
രാജ്യത്തെ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ് സെക്രട്ടറിമാർ കോടതിയെ അറിയിക്കണം എന്നും ഉത്തരവിൽ പറയുന്നു. കൃത്യമായ പരിശോധന ഇക്കാര്യത്തിലുണ്ടാകണമെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, സ്‌പോർട്സ് കോംപ്ലക്‌സുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നും നായ്ക്കളെ തെരുവുനായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും കോടതി വ്യക്തമാക്കി.
തെരുവുകളിൽ അലയുന്ന നായ്ക്കളെയും കന്നുകാലികളെയും കണ്ടെത്തി നിയന്ത്രണത്തിനായി പ്രത്യേക പട്രോളിംഗ് സംഘങ്ങളെ നിയോഗിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നായ്ക്കൾ കയറാതിരിക്കാനുള്ള പ്രായോഗിക സംവിധാനങ്ങൾ ഉടൻ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കന്നും കോടതി നിർദ്ദേശം നൽകി
സംരക്ഷണ കേന്ദ്രങ്ങളിലേക്ക് നായ്ക്കളെ മാറ്റുന്നതിൽ മുനിസിപ്പൽ കോർപറേഷൻ അടക്കം തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണത്തിനു ശേഷം അതേസ്ഥലത്ത് തുറന്നുവിടരുത് എന്നും നിദേശിച്ചു.