പോലീസ് സ്റ്റേഷനുകളിലെ സിസിടിവി നിരീക്ഷണം: കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി
പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന് സുപ്രീം കോടതിയുടെ പ്രത്യേക അഭിനന്ദനം. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നടപ്പിലാക്കിയിട്ടുള്ള സിസിടിവി സംവിധാനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.
കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവികൾ വഴി തത്സമയ (Live) നിരീക്ഷണം സാധ്യമാണെന്നത് മികച്ച നേട്ടമാണെന്ന് കോടതി പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്ക് കേരളത്തിന്റെ ഈ മാതൃക പിന്തുടരാവുന്നതാണെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. അതേസമയം, ജാർഖണ്ഡ് ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്ന കാര്യത്തിൽ ഏറെ പിന്നിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശം നൽകി.